Wednesday, February 27, 2013

ചെരുപ്പ്


                                         1
വെടിയുണ്ടകൾ വിരിഞ്ഞുകൊണ്ടിരിക്കുന്ന
അതിർത്തി
അവിടെ
തോക്കുകളിൽ നിന്നും തോക്കുകളിലേക്ക് സഞ്ചരിക്കുന്ന
നീണ്ട കൂർക്കം വലികൾ
കേട്ടു തുടങ്ങി.
പ്രകൃതി
ചുവന്ന ബ്ലാക്കൗട്ടിലേക്ക്.
അമ്മ നോക്കുമ്പോൾ
കുഞ്ഞ് കൈപ്പിടിയിൽ നിന്നും പോയിരുന്നു.
2
നഷ്ടപ്പെട്ടുപോയ
ഒറ്റച്ചെരുപ്പന്വേഷിച്ചിറങ്ങിയ പെൺകുട്ടി
ബൂട്ട് ധരിച്ച കുറേ കാലുകൾക്കിടയിലൂടെ
നടന്നുകൊണ്ടിരുന്നു.
അവളിൽ കണ്ടുപിടിക്കാനുള്ള ഉത്സാഹം നിറഞ്ഞുനിന്നു.
അനേകം കാലുകളെ
അതിവേഗം പിന്നിലാക്കി
അവൾ
മുന്നോട്ടു കുതിച്ചു
3
വരണ്ടുപോയ വെളിച്ചത്തിൽ
കണ്ണിലേക്ക് തറച്ച വെടിയുണ്ട
ചുമർ തുളച്ച് ചോരയായി
പുറത്തേക്ക് വീണു.
4
ഒരു നിമിഷത്തെ
പ്രപഞ്ചത്തിന്റെ പോസിൽ
എല്ലാ അമ്മമാരും മക്കളെ
പെട്ടന്ന് മറന്നു പോയി
5
എല്ലാ ഭിത്തികളിലുമിപ്പോൾ
കണ്ണുള്ള തോക്കുകൾ*
തൂങ്ങിയാടുന്നുണ്ട്.
6
ചെരുപ്പ്,
ഒറ്റച്ചെരുപ്പ്,,
ഓർമകൾ നഷ്ടപ്പെട്ട് കൂട്ടുപിരിഞ്ഞ
ചങ്ങാതിയെ കണ്ടെത്താൻ
പാതകൾ മുറിച്ചുകടന്ന്
ഒരു കാലിൽ കേറി നാടുവിട്ടു.


 

*കണ്ണുള്ള തോക്കുകൾ - പാബ്ലോ നെരൂദയുടെ ഇമേജ്